വ്യവസായ യുഗത്തിലതു
അനാഥമായ് കൂനിക്കൂടി ഞരങ്ങുന്നു
കപ്പല്‍ചേതം വന്ന നാവികനെപ്പോലെ
സംസാര സാഗരത്തിലതു പരുങ്ങുന്നു
പാരീസ് കമ്യൂണും
ബൊളീവിയന്‍ ഒളിത്താവളങ്ങളും
പരിത്യാഗത്തിന്റെ കാട്ടുപാതകളും വെടിഞ്ഞ്
വിശ്വാസദാര്‍ഢ്യത്തിന്റെ ഗോല്ഗോത്തകളിറങ്ങി
യയാതിയായി
സൈബര്വേയിലൂടതു ഭോഗാന്ധവേഗമാളുന്നു
ഹിജറയുടെ തീപ്പാത- ക്കുതിപ്പുകളടങ്ങി
മരുഭൂവിലെ എ.സി മുറികളിലത്
വിചാരമൗഢ്യങ്ങളി- ലാണ്ടുകിടക്കുന്നു
കലിംഗയിലെ ചോരപ്പുഴ നീന്തിക്കരേറി
മൗര്യ-അശോക ശൃംഗങ്ങള്‍ കയറി
ബോധിവൃക്ഷത്തണലിലുറങ്ങി
ബിംബിസാരന്റെ യാഗശാലയില്‍ മുടന്തി
ബുദ്ധപാദത്തിലത്
ആന്തൂറിയമായി വാടിവീഴുന്നു
ഓര്‍മകള്‍ ആറാതെ കത്തുന്ന
പുന്നപ്ര-വയലാര്‍ രണയൗവനങ്ങളില്നിന്നത്
എ.കെ.ജി സെന്ററിലേക്ക് റിട്ടയര്‍ ചെയ്യുന്നു
ഒടുവില്‍
ഇരിപ്പെന്നോ കിടപ്പെന്നോ തിട്ടമില്ലാതെ
ഗ്ലോബല്‍ വില്ലേജില്‍
മിച്ചമൂലയിലെ സിദ്ധാന്തശീലക്കസാലയില്
നട്ടെല്ലുവളഞ്ഞുള്ള കിരിപ്പ്!