Muzafer Ahammed. V
സൗദി അറേബ്യയുടെ തനത് കവിതാ പാരമ്പര്യത്തെക്കുറിച്ച് പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ മാർസൽ ക്രുപ്പർഷൊയിക്ക് നടത്തിയ യാത്രകളും പഠനങ്ങളും ഇന്ന് ചരിത്രമാണ്. 80കളിൽ സൗദിയിലെ ഡച്ച് അംബാസഡറായി റിയാദിൽ എത്തിയ അദ്ദേഹം സൗദി കാവ്യ സംസ്കാരത്തിന്റെ ആഴങ്ങൾ തേടി, അറ്റമില്ലാതെ കിടക്കുന്ന മരുഭൂമിയിലൂടെ സഞ്ചരിച്ച് തളർന്നു. ഒടുവിൽ ഒരു മഹാകവിയെ കണ്ടെത്തി. വാദിദവാസിറിലെ ബദുക്കളുടെ
തമ്പുകൾക്കിടയിൽ തന്റെ ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റകൊടുത്ത് നിൽക്കുകയായിരുന്നു കവി. പേര്, അബ്ദുർറഹ്മാൻ അദ്ദിൻദാൻ. എഴുതാനും വായിക്കാനുമറിയാത്ത നിരക്ഷരനായ മഹാകവി. അറേബ്യയിൽ അടുത്ത കാലം വരെ ശക്തമായി നിലനിന്ന വാമൊഴിക്കവിതാ പ്രസ്ഥാനത്തിലെ അവസാനത്തെ മഹാകവി.
ആധുനിക സാഹിത്യാവബോധങ്ങളെ മുഴുവൻ ചോദ്യംചെയ്യുന്ന കണ്ടെത്തലായി അദ്ദിൻദാന്റെ സാന്നിധ്യം തനിക്ക് ബോധ്യപ്പെട്ടതായി മാർസൽ എഴുതിയിട്ടുണ്ട്. ഭാഷ, സാഹിത്യം, സാക്ഷരത, നിരക്ഷരത എന്നീ പ്രശ്നങ്ങൾക്ക് അദ്ദിൻദാൻ ഒറ്റയടിക്ക് മറുപടി നൽകുകയായിരുന്നുവെന്ന് വികാരവായ്പോടെ മാർസൽ രേഖപ്പെടുത്തി. അഞ്ചു മാസക്കാലം മാർസൽ മഹാകവിയുടെ ഒപ്പം ജീവിച്ചു. അദ്ദേഹത്തിന്റെ
വാമൊഴിക്കവിതകൾ വരമൊഴിയിലേക്ക് പകർത്തി. പിന്നീടത് 
ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. 
മഹാകവിയുമായുള്ള ജീവിതം ‘ഓറൽ പോയട്രി ആൻഡ് 
നരേറ്റീവ്‌സ് ഫ്രം സെൻട്രൽ അറേബ്യ’ എന്ന അഞ്ച് വാല്യങ്ങളുള്ള പുസ്തക പരമ്പരയിലേക്ക് മാർസലിനെ നയിച്ചു. (അതിലെ രണ്ട് വാല്യങ്ങൾ അദ്ദിൻദാന്റെ കവിതകളും അവയെക്കുറിച്ചുള്ള പഠനങ്ങളുമാണ്). തുടർന്ന് ഈ അഞ്ച് വാല്യങ്ങളുടേയും സത്ത വാറ്റിയെടുത്ത് ജനപ്രിയമായ ‘അറേബ്യ ഓഫ് ദ ബദൂവിൻസ്’ എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചു. 
മഹാകവിയുമായുള്ള ആദ്യകൂടിക്കാഴ്ചയെക്കുറിച്ച് മാർസൽ എഴുതി: ഒടുവിൽ ഞാനദ്ദേഹത്തെ കണ്ടെത്തി. മധ്യ അറേബ്യയുടെ മഹാകവി തീർത്തും ദരിദ്രനായിരുന്നു. അവിവാഹിതൻ. ചടച്ച നാലോ അഞ്ചോ ഒട്ടകങ്ങൾക്കും അത്രതന്നെ ആടുകൾക്കും ഉടമ. തുരുമ്പെടുത്തുതുടങ്ങിയ, മരുഭൂമിയിൽ അലിഞ്ഞുചേർന്നുകൊണ്ടിരിക്കുന്ന ടൊയോട്ട പിക്കപ്പ്‌വാനിന്റെ സുൽത്താൻ. ഭൗതികമായി നോക്കുമ്പോൾ പരാജയപ്പെട്ട മനുഷ്യൻ. എന്നാൽ, വാമൊഴിയിൽ ആയിരത്തോളം കവിതകൾ രചിച്ച ഒരു സാംസ്കാരിക സ്ഥാപനം!
പക്ഷേ, നിരക്ഷരനായിട്ടും അദ്ദിൻദാൻ എങ്ങനെ അറേബ്യയിലെ പ്രധാന കവിയായി? അറബ് സാംസ്കാരിക പഠിതാക്കൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരാളായി? മാർസൽ അതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: അത്രയും പ്രധാനപ്പെട്ടതാണ് അദ്ദേഹത്തിന്റെ സംഭാവനകൾ, അതുകൊണ്ടുതന്നെ! 
 
ഞാനൊരു വൃദ്ധൻ, ഹൃദയമോ
കുതിക്കുന്നൂ യൗവനത്തിനായ്
മറഞ്ഞുപോയ ദിനങ്ങളിൽ
മഴവില്ലൊളി പരത്തുന്നു
എന്നിട്ടും കിതക്കുന്നു, തേങ്ങുന്നു
ഇവ്വിധമായ് കഴിയും നേരത്ത്
ഹൃദയത്തെ മെരുക്കുക കഠിനം!
വീണു, വീണു പോകല്ലേ, 
പാപത്തിൽനിന്ന് അകന്നുപോകൂ
ബുദ്ധിപൂർവം പ്രവർത്തിക്കൂ, ഹൃദയമേ...
എൻ പ്രിയ ഭാജനമാം ഒട്ടകമേ,
ദൈവത്തിന്റെ കാവൽ നിനക്കുണ്ടാകട്ടെ.
കൂർത്തുമൂർത്ത കല്ലിൽ തട്ടി
കാലും കുളമ്പും മുറിയാതെ നോക്കൂ.
കാറ്റിനെപ്പോൽ
പാഞ്ഞു പോകുമ്പോൾ,
നവോഢയാം കൗമാരക്കാരി
പറത്തുന്ന പട്ടമാണ് നീ!
കണ്ണുകൾ കാതുകളാവണം
കാതുകൾ കണ്ണുകളും.
ഇങ്ങനെ അദ്ദിൻദാന്റെ കവിത മരുഭൂമി, ഒട്ടകം, മരുപ്പച്ച, മഴയുടെ വരവ് എന്നിങ്ങനെ ഒരു ബദുവിന്റെ നിത്യജീവിത പ്രശ്‌നങ്ങളെയാണ് ആവർത്തിച്ച് അഭിസംബോധന ചെയ്യുന്നത്. ചില കവിതകളിൽ അദ്ദേഹം ഗോത്രയുദ്ധങ്ങളെക്കുറിച്ചും വിശദമാക്കുന്നു. നൂറ്റാണ്ടുകളായി മാറാതെ നിശ്ചലമായി നിലകൊള്ളുന്ന മരുഭൂമിയുടെ പ്രകൃതിയുടെ സ്പന്ദങ്ങൾ മുഴുവനായും തന്റെ കവിതകളിൽ കോരിനിറയ്ക്കാനാണ് അദ്ദിൻദാൻ ശ്രമിച്ചിട്ടുള്ളത്. 
 
1994-ൽ മാർസലിന്റെ ആദ്യ രണ്ട് വാല്യങ്ങൾ (അദ്ദിൻദാൻ കവിതകളും പഠനങ്ങളും ഉൾപ്പെട്ട) പുറത്തുവന്നപ്പോൾ കവിയ്ക്ക് അവ സമ്മാനിക്കാൻ ഗ്രന്ഥകർത്താവ് വീണ്ടും സൗദിയിലെത്തി (ഈ സമയത്ത് അദ്ദേഹം പാകിസ്താനിലെ ഡച്ച് സ്ഥാനപതിയായിരുന്നു). കാൽമുട്ടിലെ തകരാറ് പരിഹരിക്കാൻ റിയാദിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ട് നടക്കാനോ എണീറ്റിരിക്കാനോ കഴിയാത്ത നിലയിലായിരുന്നു കവി. കാഴ്ച ഏതാണ്ട് മങ്ങിയിരുന്നു. ഒറ്റക്ക് തന്റെ ഒറ്റമുറി വീട്ടിൽ കഴിഞ്ഞുവരുകയായിരുന്നു. അടുത്തുതന്നെ താമസിക്കുന്ന സഹോദരന്റെ മക്കൾ ഭക്ഷണം കൊണ്ടു കൊടുക്കും, ഇടക്ക് വന്ന് നോക്കും. ആരുമില്ലാത്തപ്പോൾ 
ബാത്ത്‌റൂമിലേക്ക് പോകേണ്ടിവന്നാൽ ഇഴഞ്ഞ് പോകും. അങ്ങേയറ്റം വിഷമകരമായ ജീവിതമാണ് അേദ്ദഹം അവസാനനാളുകളിൽ നയിച്ചിരുന്നത്. 
പുസ്തകങ്ങൾ സമ്മാനിക്കുമ്പോൾ, ഗ്രന്ഥകർത്താവ് ഇങ്ങനെ പറഞ്ഞു: ‘ഞാൻ മാർസൽ, താങ്കളുടെ സുഹൃത്തായ പഴയ ഡച്ചുകാരൻ.
അദ്ദിൻദാന്റെ കവിതകൾ ഇതാ ഇംഗ്ലീഷിൽ ലോകത്തിന് മുന്നിലെത്തി
യിരിക്കുന്നു.’ ആ വാക്കുകൾ അദ്ദേഹത്തിന്റെ കാഴ്ച മങ്ങിമങ്ങിക്കൊണ്ടി
രിക്കുന്ന കണ്ണുകളിൽ വെളിച്ചമായി,ഒരു പുതുകവിതയായി. 
 
മാർസൽ കവിയെ താങ്ങിയെടുത്ത് കിടക്കയിൽ ഇരുത്തി. കണ്ണട വേണ്ടവിധം സഹായിക്കാത്തതിനാൽ അദ്ദിൻദാൻ ഒരു ലെൻസ് ഉപയോഗിച്ചിരുന്നു. അദ്ദേഹം പുസ്തകത്തിന്റെ താളുകൾ മറിച്ചുനോക്കി. അതിലെ ഒരക്ഷരവും അദ്ദേഹത്തിന് വായിക്കാനാവില്ല (മാതൃഭാഷയുടെ സ്ഥിതിയും ഇതുതന്നെ). പക്ഷേ, താളുകൾ മറിച്ചു മറിച്ചു പോകുമ്പോൾ അദ്ദിൻദാൻ ഒരു ഒട്ടകത്തിനരികെ നിൽക്കുന്ന ചിത്രം കണ്ട് അദ്ദേഹം ലെൻസ് കണ്ണുകളോട് കൂടുതൽ അടുപ്പിച്ചുപിടിച്ചു. ഓ, മോജോ എന്ന് വലിയ ശബ്ദത്തിൽ വിളിച്ച് കരയാൻ തുടങ്ങി. കവിക്ക് ഏറ്റവും പ്രിയപ്പെട്ട ഒട്ടകമായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. അസുഖം വന്ന് ഒട്ടകങ്ങൾ കൂട്ടത്തോടെ ഇല്ലാതായപ്പോൾ മോജോയും വിധിക്ക് കീഴടങ്ങി. ആ പുസ്തകത്തിലെ ഒരക്ഷരം പോലും വായിക്കാൻ കഴിയാതെ പോയ ആ മഹാകവി തന്റെ പ്രിയ വളർത്തുമൃഗത്തെ തിരിച്ചറിഞ്ഞു, മോജോയെക്കുറിച്ച് അദ്ദേഹം പേർത്തും പേർത്തും കവിത കെട്ടിയിട്ടുണ്ട്. തന്റെ കാവ്യ പ്രചോദകയെക്കണ്ടതിന്റെ ആനന്ദവും ഇപ്പോഴില്ലാത്തതിന്റെ ദുഃഖവും ഒന്നിച്ച് അനുഭവിക്കുകയായിരുന്നു കവി. അക്ഷരവും അനുഭവവും വേർതിരിയുന്ന ഒരു ഭാഷാനുഭവമായി ഓ, മോജോ എന്ന തേങ്ങൽ തന്നെ പിന്തുടർന്നതായി മാർസൽ അദ്ദിൻദാനുമായുള്ള അവസാന കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 
സാഹിത്യവും ഭാഷയും എല്ലായ്പോഴും സാക്ഷരതയിൽനിന്ന് മാത്രമല്ല ഉദ്ഭവിക്കുന്നതെന്ന് അദ്ദിൻദാന്റെ ജീവിതം ഓർമിപ്പിക്കുന്നു. നമ്മുടെ നാട്ടിലും ഇതേ പോലെയുള്ള പാരമ്പര്യങ്ങൾ നിലനിന്നിട്ടുണ്ട്. ലോകമെങ്ങും ഇത്തരത്തിലുള്ള മഹാകവികൾ പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. ഭാഷയുടെ, സാഹിത്യത്തിന്റെ ശ്രേഷ്ഠത നിരക്ഷരരിലും അതിഗംഭീരമായി പ്രവർത്തിക്കുന്നുണ്ടെന്ന് ചുരുക്കം. 

കൂടുതല്‍ കാഴ്ചപ്പാട്