നിന്നോടുള്ള പ്രണയം കൊണ്ട്
വൈദ്യുതി ഉത്പാദിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ
ഞാനീ നാടുമുഴുവൻ വെളിച്ചത്തിലാക്കിയേനെ...!
എല്ലാ അണക്കെട്ടുകളും പൊളിച്ച് കളഞ്ഞേനെ...!
നിന്നോടുള്ള പ്രണയം കൊണ്ട്
ആണവോർജ്ജം ഉത്പാദിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ
ഞാനെല്ലാ റിയാക്ടറുകളും തകർത്ത് കളഞ്ഞേനെ...!
അപകട രഹിതമായി ജനങ്ങൾക്ക് നന്മ ചെയ്തേനെ...!
നിന്നോടുള്ള പ്രണയം കൊണ്ട്
അതിർത്തികളെല്ലാം മായ്ച്ചുകളയാൻ പറ്റിയിരുന്നെങ്കിൽ
ഞാനെല്ലാ യുദ്ധങ്ങളും ഇല്ലാതാക്കിയേനെ...!
കുഞ്ഞുങ്ങളേയും അമ്മമാരേയും സന്തോഷിപ്പിച്ചേനെ...!
നിന്നോടുള്ള പ്രണയം കൊണ്ട്
ധാന്യങ്ങൾ വിളയിക്കാൻ പറ്റിയിരുന്നെങ്കിൽ
ഞാനീ നാട്ടിലെ കള്ളക്കലവറകളെല്ലാം കുത്തിപ്പൊളിച്ചേനെ ...!
പട്ടിണിയില്ലാതായവരോടൊപ്പം പാട്ട് പാടിയേനെ...!
നിന്നോടുള്ള പ്രണയം കൊണ്ട്
മറ്റെന്തെങ്കിലും ചെയ്യാൻ മനസ്സില്ലാത്തതിനാൽ,
നിന്നോടുള്ള പ്രണയം കൊണ്ട്
എല്ലാ ദുരിതങ്ങളേയും മറികടക്കുമെന്നതിനാൽ,
നിന്നോടുള്ള പ്രണയം കൊണ്ട്
ഞാനും നീയും അതിജീവിക്കുമെന്നതിനാൽ,
നിന്നോടുള്ള പ്രണയം കൊണ്ട്,
ഞാൻ നിന്നെ മാത്രം പ്രണയിച്ചുകൊണ്ടേയിരിക്കും...!