വെറുതെ ഇരുന്ന് ബോറടിച്ച്
മുറിപൂട്ടി പുറത്തിറങ്ങി.
ഡിസംബര്‍ അതിന്റെ വരണ്ട നിരാശകളെ
വെള്ളക്കടലാസു പൂക്കളാക്കി
ഗലികളിലാകെ വിതറിയിരിക്കുന്നു.
സന്ധ്യക്ക് ഉരുകുന്ന പ്ലാസ്റ്റിക്മണമാണ്.
ബ്രിഡ്ജിനടിയില് നാടോടികള്‍ തീ പൂട്ടിയിരിക്കുന്നു.
അവരുടെ കുട്ടികള്‍
ട്രെയിന്‍ കടന്നുപോകുമ്പോള്‍
അതേ താളത്തില്‍ തുള്ളുന്നു.
ഏതോ ബാര്‍ബര്‍ഷോപ്പിന്റെ പേരു ചോദിച്ച്
ഒരു വൃദ്ധന്, ഭീതി പാടകെട്ടിയ ആ കണ്ണുകള്‍ക്ക്,
ഒരു ഉത്തരംകൊണ്ടു തീര്‍പ്പാക്കാനാകാത്ത
ആഴമുണ്ടായിരുന്നു.
അയാള്‍ ചോദ്യം വീണ്ടുംവീണ്ടും ആവര്‍ത്തിച്ചു.
ഓരോ തവണയും ഓരോരോ പേരുകള്‍ പിറുപിറുത്തു.
പിന്നെ ഉത്തരത്തിനു കാത്തുനില്‍ക്കാതെ
ആള്‍ക്കൂട്ടത്തില്‍ മാഞ്ഞു.
മരണമഞ്ഞയിലെഴുതിയ ഒരു സൂര്യകാന്തിപ്പാടം പോല്‍
ആ മുഖം ഉള്ളില്‍ ആളാന് തുടങ്ങി.
മുറിയിലേക്കു മടങ്ങുമ്പോള്‍
റെയില്‍വേ മതിലിലെ
കാണ്മാനില്ലാപ്പടങ്ങളില് അയാളെ തിരഞ്ഞു.
കാണാതായവര്ക്കൊക്കെ ഒരേ മുഖം.
ഒരേ അടിക്കുറിപ്പുകള്‍.
മാഞ്ഞുപോയ പകലിന്റെ ഓര്‍മ്മകള്‍
മാനത്ത് കരിമേഘങ്ങളുടെ അരികുകളെ
ചെറുതായി തിളക്കുന്നുണ്ട്.
സന്ധ്യാനക്ഷത്രങ്ങള് 'അള്‍ഷിമേഴ്സ്' എന്ന്
അലസമായി തെളിഞ്ഞുമായുന്നുണ്ട്.