ഏതൊരു പുതിയ കവിയ്ക്കും സാഹിത്യ ലോകത്ത് സ്വന്തമായൊരു തട്ടകം കണ്ടെത്തണമെങ്കില്‍ നടപ്പു കാവ്യ മാതൃകകളില്‍ നിന്ന് വ്യതിരിക്തമായ സ്വരം കേള്‍പ്പിക്കുക തന്നെ വേണം. അതിനു വേണ്ടി സാമ്പ്രദായിക കാവ്യഭാഷയോടും ആവിഷ്കാര രീതികളോടും പുതിയ കവിതയ്ക്കു നിരന്തരം കലഹത്തിലേര്പ്പെടേണ്ടി വരും. ആധുനികതയുടെ എഴുത്തധികാരത്തെയും ഭാവുകത്വ പരിസരത്തെയും അതിന്റെ ബൃഹദ് ആഖ്യാന രീതികളെയും നിരാകരിച്ചു കൊണ്ടാണ് പുതുകവിത പിറന്നു വീണത്. ആധുനികതയുടെ വരേണ്യ ഭാഷാ ബോധത്തോടും ഭാഷാചിഹ്നങ്ങളോടും എതിരിട്ടു കൊണ്ട് പുതുകവിത ഭാഷയ്ക്കുള്ളില്‍ വലിയൊരു പൊളിച്ചെഴുത്തു തന്നെ നടത്തി. വരേണ്യ പദപ്രയോഗങ്ങളെയും സംസ്കൃതവല്‍ക്കരിക്കപ്പെട്ട കാവ്യ ബിംബങ്ങളെയും പുതുകവിത നിരാകരിച്ചു. തികച്ചും നവീനമായൊരു ഭാഷാ വ്യവസ്ഥയും പദാവലികളും രൂപപ്പെടുത്തിക്കൊണ്ട് പുതുകവിത ആധുനികതയുടെ ഭാഷാ ഘടനയ്ക്കകത്തു നിന്നും ഭാവുകത്വ പരിസരത്തു നിന്നും സ്വതന്ത്രമായി. ഇന്നോളം നിലനിന്നിരുന്ന സാഹിത്യ വിചാര പദ്ധതികളും ജ്ഞാനാധികാര ശക്തികളും അടയാളപ്പെടുത്താതെ പോയ പാര്ശ്വവല്കൃത ജനവിഭാഗങ്ങളുടെ ജീവിതാനുഭവങ്ങളും കാഴ്ചകളും മാറിയ ലോകത്തിന്റെ കവിതയിലേക്കു കയറി വന്നതോടെ പുതുകവിത കൂടുതല്‍ ജനാധിപത്യവല്ക്കരിക്കപ്പെട്ടു. പുരുഷ/വരേണ്യ കേന്ദ്രീകൃതമായിരുന്ന കവിതയിലേക്ക് അനേകം വാതിലുകള്‍ തുറന്നു കിട്ടിയപ്പോള്‍ വ്യവസ്ഥാപിത കാവ്യ സൗന്ദര്യാവബോധത്തിന്റെ നാരായവേരുകള്‍ കടപുഴകി തുടങ്ങി. കവിതയുടെ പൊതു സ്ഥലിയില് പാര്ശ്വവല്കൃത ജനതയുടെ പുതിയ കാഴ്ചകളും ചൊല്ലുകളും വാങ്മയങ്ങളും അനുഭവങ്ങളും ആവിഷ്കരിക്കുവാന്‍ പുതുകവിതയ്ക്ക് പുതിയ കാവ്യഭാഷയും ആഖ്യാനരീതിയും കണ്ടെടുക്കേണ്ടി വന്നു.
ആധുനിക കവിതയുടെ ഭാഷയിലും സൗന്ദര്യാവബോധത്തിലും വരേണ്യ കാവ്യ സങ്കല്പങ്ങളുംപുരുഷാധികാര ബോധവുമാണ് വേരുറപ്പിച്ചിരുന്നത്. അതിനാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ലോകത്തെയും ഭാഷയെയും ജീവിത വ്യവഹാരങ്ങളെയും ആധുനിക കവിതയ്ക്ക് പ്രതിനിധീകരിക്കാനായില്ല. ആധുനിക കവിത ഉയര്‍ത്തിപ്പിടിച്ച പ്രതിലോമ സൗന്ദര്യാവബോധത്തെയും കലാസാഹിത്യ ചിന്താപദ്ധതികളെയും അപനിര്‍മ്മിക്കേണ്ടത് പുതുകവിതയുടെ ചരിത്രപരമായ കടമയായിരുന്നു. ആധുനിക കവിതയുടെ ആഖ്യാന മാതൃകകളെയും കാവ്യ സങ്കല്പത്തെയും രീതിശാസ്ത്രത്തെയും അഴിച്ചെടുത്തുകൊണ്ട് 1990 കളോടെ അനുഭവപ്പെടുവാന്‍ തുടങ്ങിയ മാറിയ പുതുലോകത്തിന്റെ ഭാവുകത്വ പരിസരത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുതുകവിതകളിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് എല്‍.തോമസ് കുട്ടിയുടെ കവിതകള്‍.
വ്യവസ്ഥാപിത കാവ്യ രചനാ സമ്പ്രദായത്തിലെ ഭാഷാ പ്രയോഗങ്ങളെയും ആഖ്യാന മാതൃകകളെയും ചോദ്യം ചെയ്യുന്നവയാണ് തോമസുകുട്ടിയുടെ കവിതകള്‍. ആധുനികതയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായൊരു രീതിശാസ്ത്രവും രചനാ സമ്പ്രദായവും ലാവണ്യാവബോധവും അന്വേഷിക്കുന്നു എന്നതാണ് തോമസ്കുട്ടി കവിതകളുടെ വായനാനുഭവം.
തോമസ്കുട്ടിയുടെ ഓരോ കവിതയും ഓരോ പരീക്ഷണമാണ്. പ്രമേയത്തിലും ആവിഷ്കാര രീതിയിലും ഭാഷാ പ്രയോഗത്തിലും ഓരോ കവിതയും വ്യത്യസ്തമാണ്. ഓരോ കവിതയും ഓരോ അനുഭവത്തെയും ഓരോ രചനാലോകത്തെയും പ്രിനിധീകരിക്കുന്നു. സമകാലികരായ മറ്റു പുതുലോക കവികളില്‍ നിന്ന് കാവ്യ ഭാഷയിലും ആഖ്യാന രീതിയിലുമെല്ലാം തോമസ്കുട്ടിയുടെ കവിത വേറിട്ടൊരു സഞ്ചാരപാതയാണ്. നമുക്കിടയില്‍ ആരും കേള്‍ക്കാതെ പോകുന്ന നിലവിളികളെയും നമുക്കിടയിലൂടെ ഒഴുകി നടക്കുന്ന നിശ്ശബ്ദതയെയും അവയെ ആവിഷ്കരിക്കാനായി മുടിയഴിച്ചാടുന്നൊരു മറുഭാഷയെയും ഈ കവി അന്വേഷിക്കുന്നു. കവിതയുടെ നാനാ രൂപത്തിലുള്ള പ്രയോഗ സാദ്ധ്യതകളെയും കുറിച്ച് ബോധ്യമുള്ളതുകൊണ്ട് വ്യതിരിക്തവും പരീക്ഷണാത്മകവുമായ ആഖ്യാന രൂപങ്ങളെ ഈ കവി അന്വേഷിക്കുന്നു. ഈ ഓരോ വ്യത്യസ്ത പരീക്ഷണാവിഷ്കാരവും കവിതയുടെ വൈവിധ്യത്തെയും ഭാവുകത്വ നവീകരണത്തെയും ലക്ഷ്യമിടുന്നു. മാറുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച്, മാറുന്ന കാഴ്ചകള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ച് ഭാഷയെയും നവീകരിച്ചെടുക്കേണ്ടതാണ്. പരമ്പരാഗതമായി നിലനില്‍ക്കുന്ന ഫ്യൂഡല്‍/വരേണ്യ/ഭാഷ കൊണ്ടോ കൊളോണിയല്‍ അധിനിവേശ ഭാഷ കൊണ്ടോ മാറിയ ഭാവുകത്വ മാറ്റത്തെ ആവിഷ്കരിക്കാനാവില്ല. പുതുലോകത്തിന്റെ സംഘര്ഷാത്മകതകളും സങ്കീര്‍ണ്ണതകളും ആധുനികോത്തര ജീവിത പരിസരങ്ങളില്‍ ജീവിക്കുന്നവരുടെ സ്വത്വ പ്രതിസന്ധികളും ആവിഷ്കരിക്കുവാന്‍ വേണ്ടതായ പുതിയൊരു കാവ്യഭാഷയുടെ നിര്‍മ്മിതി തോമസ്കുട്ടിയുടെ കവിതകള്‍ ആവശ്യപ്പെടുന്നു. കവിതയെന്ന മാധ്യമത്തില്‍ എന്തും കുത്തി നിറയ്ക്കാമെന്നു വ്യാമോഹിക്കുന്നവര്‍ പുതുകവികളില്‍ ധാരാളമാണ്. അവര്‍ക്ക് ഭാഷയും ജീവിതവും ഭൂഗോളത്തിന്റെ തന്നെ നിലനില്പും ഒന്നും പ്രശ്നമല്ല. മണ്ണില്‍ തൊടാതെ, അനുഭവങ്ങളില്ലാതെ, ജീവിക്കുന്നവര്‍ക്ക് വേരുകളുടെ വേദനകള്‍ അറിയേണ്ടതില്ല. എന്നാല്‍ കവിതയെ ഗൗരവമായി വീക്ഷിക്കുന്നവര്‍ എക്കാലത്തും ആഖ്യാന ഭാഷയുടെ പരിമിതികളും സാധ്യതകളും തിരിച്ചറിയുന്നവരാണ്.
അധികാരം ഭാഷയില്‍ പ്രവര്‍ത്തിക്കുന്നത് നിഗൂഢമായിട്ടാണ്. ചിഹ്നങ്ങളുടെ വ്യവസ്ഥയായ ഭാഷയെ വളരെ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഭാഷയ്ക്ക് അധികാരവുമായുള്ള ബന്ധത്തെ തിരിച്ചറിയുവാന്‍ കഴിയുമെന്ന് ഈ കവി വിശ്വസിക്കുന്നു. അല്‍ത്തൂസര്‍ എപ്പോഴും ഭാഷയെ അധികാരത്തിന്റെ ഭാഷയെന്നാണ് വിശേഷിപ്പിക്കുന്നത്. ഭാഷാ ചിഹ്നങ്ങളിലൂടെയാണ് അധികാര വ്യവസ്ഥ പ്രത്യയശാസ്ത്രം അടിച്ചേല്പിക്കുന്നത്. ഭാഷ സമൂഹത്തില്‍ കാണുന്ന പലതരം ചിഹ്ന വ്യവസ്ഥകളില്‍ ഒന്നാണ്. ഭാഷയില്‍ നിഗൂഢമായിരിക്കുന്ന അധീശത്വ പ്രത്യയ ശാസ്ത്ര വിവക്ഷകള്‍ അധികാര വ്യവസ്ഥയെ കൂടുതല്‍ വേരുറപ്പിക്കുന്നു, സമൂഹത്തെ ഒന്നടങ്കം ഞെക്കിപ്പിഴിയുന്ന അധികാര വ്യവസ്ഥക്കെതിരായി സാഹിത്യത്തില്‍ കലാപം നടത്തണമെങ്കില്‍ ഭാഷയെ അധികാര രാഷ്ട്രീയത്തില്‍ നിന്നും അധീശത്വ പ്രത്യയശാസ്ത്രത്തില്‍ നിന്നും വിമോചിപ്പിച്ചെടുക്കുക തന്നെ വേണം. ഇത് ഒരു രാഷ്ട്രീയ പ്രയോഗം തന്നെയാണ്. ഈ ഉന്നത രാഷ്ട്രീയം വെച്ചു കൊണ്ട് ഭാഷയുടെ പുതിയ സാധ്യതകളെ വിമോചന ലക്ഷ്യത്തിനായി ഉപയോഗിക്കുവാന്‍ നാം തയ്യാറാവണമെന്ന വാള്‍ട്ടര്‍ ബെന്യാമിന്റെ പ്രസ്താവന തോമസുകുട്ടി കവിതയിലെ ഭാഷാ പ്രയോഗങ്ങളെയും ആഖ്യാന പരീക്ഷണങ്ങളെയും കുറിച്ച് പഠിക്കുന്നവര്‍ക്ക് ഒരു കൈവിളക്കാണ്.
മറ്റു ജീവിത വ്യവഹാരങ്ങള്‍ പോലെ സാഹിത്യവും ഭാഷയും സംസ്കാരവുമെല്ലാം ചലനാത്മകമാണ്. ചലനാത്മകമായ ഭാഷയ്ക്കു മാത്രമെ കാലത്തെ അതിജീവിക്കുവാനും അധിനിവേശ ഭാഷയുടെ കടന്നു കയറ്റത്തെ സര്‍ഗ്ഗാത്മകമായി പ്രതിരോധിക്കുവാനും കഴിയൂ. അധിനിവേശതയ്ക്കു കീഴടങ്ങിയാല്‍ ഒരു ജനതയുടെ ഭാഷയും സംസ്കാരവും ജീവിതവും അന്യവല്‍ക്കരിക്കപ്പെടുകയും അവ ചരിത്രത്തില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെടുകയും ചെയ്യും. അതിനാല്‍ ഭാഷയെ നവീകരിക്കുക എന്നാല്‍ സംസ്കാരത്തെ കൂടി നവീകരിക്കുക എന്നതാണര്‍ത്ഥം. അധിനിവേശ ഭാഷയുടെ സൂക്ഷ്മ വേരുകളെ പ്രാദേശിക ഭാഷാഭേദങ്ങള്കൊണ്ടും പുതുവാക്കുകളുടെ നിര്‍മ്മിതികൊണ്ടും എതിരിടേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്ന കവിയാണ് എല്‍.തോമസ്കുട്ടി. ഭാഷയെയും സംസ്കാരത്തെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സര്‍ഗ കലാപമായി തോമസ്കുട്ടിയുടെ കവിതകളിലെ പരീക്ഷണ ഭാഷാപ്രയോഗങ്ങളെയും ആഖ്യാന രീതികളെയും വിലയിരുത്തേണ്ടതാണ്. ആരോടോ സംഭാഷണത്തിലേര്പ്പെട്ടുക്കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ നിന്ന് കോര്‍ത്തെടുത്ത വാക്കുകള്‍ ഉപയോഗിച്ചാണ് 'ഉം'എന്ന കവിതയുടെ നിര്‍മ്മാണ പ്രക്രിയ.
അഥവാ
നേരാണെങ്കിലും
പറയാതിരുന്നാല്‍
പലതുണ്ട് കാര്യം
(ഉം)
കണ്ടതു വിളിച്ചു പറഞ്ഞാല്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളാണ് ഈ കവിതയുടെ പ്രമേയം. കാണരുത് കേള്‍ക്കരുത് പറയരുത് എന്ന അധികാര ശബ്ദത്തിനു കീഴ്പെട്ട് സത്യവും യാഥാര്‍ത്ഥ്യവും കണ്ടാലും കാണാതെ, കേട്ടാലും കേള്‍ക്കാതെ, ഒന്നും പറയാതെ സ്വകാര്യതകളുടെ മാളങ്ങളിലേക്ക് ഒതുങ്ങി കൂടി പോകുന്ന മധ്യവര്‍ത്തി ചിന്താഗതിയുടെ ഇരകളായി ഇന്നു നാം മാറികഴിഞ്ഞു. പ്രായോഗിക ജീവിതത്തില്‍ നിശ്ശബ്ദനായിരുന്നാല്‍, പലതും നേടിയെടുക്കാനാവും. പ്രതിഷേധങ്ങളും പ്രതികരണങ്ങളുമില്ലാതെ വസ്തുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ അധികാര വ്യവസ്ഥയ്ക്കും സാമ്പ്രദായികത്വത്തിനും 'സമ്മതം'മൂളി നേരുകള്‍ വിളിച്ചു പറയാതെ പലതും ഇന്നു നേടിയെടുക്കുന്നു.
ആയേനക്കൊണ്ട്
അഥവാ
നേരാണെങ്കിലും
പറയാതിരുന്നാല്‍
ഫല-തുണ്ട് കാര്യം
(ഉം)
മൂളാന്‍ മാത്രം വിധിക്കപ്പെട്ടവരുടെ പ്രതിഷേധങ്ങളും നിസ്സഹായതയും അടയാളപ്പെടുത്തുന്ന 'ഉം'എന്ന കവിത വ്യവസ്ഥാപക്ഷ ചിന്തകള്‍ക്ക് കീഴടങ്ങിപ്പോയ പ്രശ്ന സങ്കീര്‍ണ്ണതകളില്‍ നിന്ന് വഴുതി മാറി നടക്കുന്ന മധ്യവര്‍ഗ്ഗക്കാരന്റെ പ്രായോഗിക ജീവിതങ്ങള്‍ക്കെതിരായ മൂര്‍ച്ചയേറിയ ഒരു ആയുധമാണ്.
'പണിക്കാരുപേക്ഷിച്ച കല്ല്'മുഖ്യധാരാ ജീവിത വ്യവസ്ഥ പാര്‍ശ്വവല്‍ക്കരിച്ച കീഴാള ജീവിതത്തിന്റെ ദുരന്ത വര്‍ത്തമാനമാണ്. വ്യവസ്ഥിതിയുടെ ഘടനയ്ക്കും കെട്ടുറപ്പിനും ആവശ്യമില്ലാത്തവരെ എക്കാലത്തും വ്യവസ്ഥാപക്ഷ ചിന്തകളും ജീവിതവും പുറന്തള്ളപ്പെടും.
മഴയിലലിഞ്ഞ്
വെയിലിലുണങ്ങി
മജ്ജയൂറി
വിരൂപയും ദുര്‍ബലയുമായി
അതിരില്‍
ഉപേക്ഷിക്കപ്പെട്ട നിലയില്‍
(പണിക്കാരുപേക്ഷിച്ച കല്ല്)
കിടക്കുന്ന കല്ല് ജീവിതത്തിലേക്കു തിരിച്ചു വരുവാനും ഭവനത്തിന്റെ ആണിക്കല്ലാകുവാനും ആഗ്രഹിക്കുന്നു. വിരൂപയും ദുര്‍ബലയുമായി അതിരുകളില്‍ ഉപേക്ഷിക്കപ്പെട്ട നിരാലംബരുടേയും പാര്ശ്വവല്കൃതരുടേയും അരിഞ്ഞെടുത്താലും വിട്ടു പോവാനാവാത്ത നിലവിളികളെ ഹൃദയത്തിലേയ്ക്കാവാഹിക്കുന്ന കവിതയാണ് 'പണിക്കാരുപേക്ഷിച്ച കല്ല്.'
തോമാസ്കുട്ടിയുടെ കവിതാ ശീര്‍ഷകങ്ങള്‍ തന്നെ സാമ്പ്രദായിക കവിതാ രചനാ മാതൃകകള്‍ക്കെതിരായ കലാപമാണ്. ഇക്കാലം വരെ ഒരു കവിയും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത അക്കങ്ങളും ചിഹ്നങ്ങളുമെല്ലാം ഈ കവി ശീര്ഷകത്തിനായി തെരഞ്ഞെടുക്കുന്നു. '?','ന്ഥ','ങും','15-01-2010','ഉം','+','ശ്സ്','ക്ഷ-റ','ഛെ','കാക്ക-ശ്ശെ','ഭൂമി+ചെരുപ്പ്=ദുജ്', 'ഉള്ളി-ല്‍','നര-ന്','പൊളി എന്ന നാമ/ക്രിയാ പദം തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. '
'പാരപ്പാട്ട്'എന്ന കവിത ആരംഭിക്കുന്നതു തന്നെ ചീത്തവിളിയോടെയാണ്.
കൊല്ലട പട്ടീ
അനുചനെയപരനെ
അല്ലേലെന്തിനു
മര്‍ത്ത്യനു ജന്മം
(പാരപ്പാട്ട്)
'ക്ഷ-റ'എന്ന കവിതയും 'തന്തയില്ലാത്തവനേ'എന്ന് അഭിസംബോധന ചെയ്തു കൊണ്ട് തുടങ്ങുന്നു. ഭാഷയിലും കവിതാ രചനയിലും ഈ കവി നടത്തുന്ന ഒറ്റയാന് പോരാട്ടങ്ങള്‍ യാഥാസ്ഥിതിക സമൂഹത്തോടും അധികാര രാഷ്ട്രീയത്തോടുമുള്ള പ്രതിഷേധങ്ങള്‍ കൂടിയാണ്. 'ക്ഷ-റ''ഭൂപടം ഭൂമിയല്ല'തുടങ്ങിയ സമാഹാരങ്ങളിലെ മിക്കവാറും കവിതകള്‍ തികച്ചും വ്യത്യസ്തമായ കാവ്യരചന മാതൃകകളാണ്. 'ജ്ഞാനമുത്തുമാല', 'സി.വി.വിജയം','ത്രീഡി','കോഴിയങ്കം','ഏ സ്പോണ്‍സേര്‍ഡ് മഹാ സീരിയല്‍','ഉടല്','ഡോറ ദി എക്സ്പ്ലോറര്‍','കേരള .കോം ആളി', 'ഫീമെയില്‍ ഡേറ്റാ ബേഡ് 25', 'ന്ഥ' മുതലായ കവിതകള്‍ പുതുകവിതയുടെ തന്നെ നാഴിക കല്ലുകളാണ്. പുതുകവിതയുടെ വൈവിധ്യമാര്‍ന്ന കാവ്യ പ്രപഞ്ചവും ബഹുസ്വരതയും സ്ഥാപിച്ചെടുക്കുന്നതിനായി ഈ കവി നിരന്തരം പരീക്ഷണ കാവ്യമാതൃകകള്‍ നിര്‍മ്മിച്ചെടുക്കുന്നു. പരമ്പരാഗത കാവ്യരചനാ സമ്പ്രദായത്തില്‍ നിന്നും ആധുനിക കാവ്യ സൗന്ദര്യാവബോധത്തില്‍ നിന്നുമുള്ള വിച്ഛേദമാണ് ഈ പരീക്ഷണ കാവ്യാഖ്യാനങ്ങള്‍.
വ്യത്യസ്തങ്ങളായ അനേകം അനുഭവ പ്രപഞ്ചങ്ങളെ കവിതയില്‍ വിളിച്ചുണര്‍ത്തുന്നു 'സി.വി.വിജയം'എന്ന കവിത. ചരിത്ര സാമൂഹ്യ സംഗീത സദാചാര നാടകമെന്നു അറിയപ്പെടുന്ന 'സി.വി.വിജയം'എന്ന കവിത സി.വി.രാമന് പിള്ളയില്‍ നിന്നും ഷെയര്‍ മാര്‍ക്കറ്റ്, കറപ്ഷന്‍, മത സൗഹാര്‍ദ്ദം, കുംഭകോണം, പൊഖ്റാന്‍, വാഗണ്‍ ട്രാജഡി, ജാലിയന്‍ വാലാബാഗ്, ടിയാനെന്‍ സ്ക്വയര്‍, അയോദ്ധ്യ തുടങ്ങിയ നമ്മുടെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന വിപുലമായൊരു അനുഭവ ലോകത്തിലൂടെ സഞ്ചരിക്കുന്നു.
ചരിത്രത്തെയും സാഹിത്യത്തെയും ഭാഷയെയും വാക്കുകളെയും പഴഞ്ചൊല്ലുകളെയും അക്ഷരങ്ങളെയും തിരിച്ചിട്ടും മറിച്ചിട്ടും പാരഡി ചെയ്തും വിഘടിപ്പിച്ചും നിര്‍മ്മിച്ചെടുക്കുന്ന തോമസ്കുട്ടിയുടെ കവിതകള്‍ സാമ്പ്രദായിക കാവ്യരചനാ രീതിയെ തന്നെ കൊത്തിക്കീറുന്നു.
'സാമൂഹ്യപാഠം ഏഴാം തരം'എന്ന പാരഡി കവിത നമ്മുടെ കൊളോണിയല്‍ ചരിത്രാവബോധത്തിനെതിരായ മൂര്‍ച്ചയേറിയൊരു ആയുധമാണ്.
ആലുംമൂട്ടിലെ വീട്ടിലിരുന്നു
അക്ഷരം പഠിച്ച മലയാളി കൊളമ്പസ്
പാണന് തോടു മുറിച്ച്
കൊതുകുവള്ളത്തില് ഏറി
വിശറി പിടിപ്പിച്ച്
കാവുംതുറ ദ്വീപിലിറങ്ങി
എന്തെങ്കിലും
കണ്ടുപിടിച്ചേ തീരൂന്ന് പൂതി
(സാമൂഹ്യപാഠം ഏഴാം തരം)
കോണക വാല് മുകളറ്റം ഉയര്‍ത്തി കാവുംതുറ ദ്വീപിലിറങ്ങുന്ന മലയാളന് കൊളമ്പിയുടെ യാത്ര യൂറോസെന്‍ട്രിക് ചരിത്ര ധാരണകള്‍ക്കെതിരായ കലഹം തന്നെയാണ്. പാരഡിയെ ശക്തമായൊരു സമരായുധമായി തോമസ്കുട്ടി വികസിപ്പിച്ചെടുക്കുന്നു. കൊളമ്പസ് (കൊളമ്പന്‍) പോസ്റ്റ് മോഡേണ്‍ (മോസ്റ്റ് പോഡേണ്) പല്ലു കൊഴിഞ്ഞ സിംഹം (സിംഹം കൊഴിഞ്ഞ പല്ല്) കഠോപനിഷത്ത് (കടോപനിഷത്ത്) ഘടോല്കചന് (കടാല്ഭൂജന്) ഇവയെല്ലാം വാക്കുകളുടെയും ചരിത്രത്തിന്റെയും പഴഞ്ചൊല്ലുകളുടെയും പാരഡിയാണ്. ഓമലാളെ കണ്ടു ഞാന്‍...... എന്ന സുപ്രസിദ്ധ സിനിമാ ഗാനത്തിന്റെ പാരഡിയാണ് 'മല്ഗു'എന്ന കവിത. കേവലം ഭാഷാപരമായ പുതുമയ്ക്കു വേണ്ടിയോ ഫലിതത്തിനു വേണ്ടിയോ ഉള്ളതല്ല തോമസു കുട്ടി പാരഡികള്‍. ശക്തമായ രാഷ്ട്രീയ സാംസ്കാരിക വിമര്‍ശനവും അധീശത്വാധികാര വ്യവസ്ഥക്കെതിരായ സമരായുധമാണ് തോമസ്കുട്ടിയുടെ പാരഡികള്‍.
ഇന്ത്യ ഉരുളുന്നത് റെയിലുകളില്‍ മാത്രമല്ല, ഭാഷയില്‍ കൂടിയാണെന്ന് തിരിച്ചറിയുന്ന കവി വാക്കുകളെ തിരിച്ചിട്ടും കീറിമുറിച്ചും വിഘടിപ്പിച്ചും പുതിയ അര്ത്ഥോല്പാദനം നടത്തുന്നു. പദങ്ങളെ വിഘടിപ്പിക്കുമ്പോള്‍ അര്‍ത്ഥങ്ങള്‍ക്ക് വൈപുല്യവും വ്യത്യസ്തമായൊരു സാംസ്കാരികാന്തരീക്ഷവും സംഭവിക്കുന്നു. അട്ട-ഹാസം, കടാല്ഭുജന്, ഫല-തുണ്ട്, ബാങ്ക ണം, വായ്പ ണം, പഞ്ചര്‍വാല, ബീഢ്യാധിഷ്ഠിത ഇക്കോണമി, ഉള്ളി-ല്‍, നര-ന്, മോസ്റ്റ്-പോഡേണ് തുടങ്ങിയ പദങ്ങള്‍ തികച്ചും വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിച്ചുകൊണ്ട് മലയാള ശബ്ദ താരാവലിയെ സമ്പന്നമാക്കുന്നു.
ക അതിലോ ഇല്ല
നല്ല തീ യാളി
പ്പടര്‍ന്ന പരിച
യാണ്ടോരുവന്
കോമാളി.....
(കേരള.കോം ആളി)
എന്നു തുടങ്ങുന്ന 'കേരള.കോം ആളി' എന്ന കവിത സൈബര്‍ ലോകത്തിന്റെ പദകോശങ്ങള്‍ തേടിയുള്ള അന്വേഷണ യാത്രയാണ്. 'ഫീമെയില്‍ ഡേറ്റാ ബേസ് 25' എന്ന കവിതയും പൂര്‍ണ്ണമായും സൈബര്‍ ഭാഷാ നിര്‍മ്മിതിയാണ്.
128 മെഗാ ബൈറ്റ് മാത്രമുള്ള
യു എസ് പി പോര്ട്ടിനെപ്പോലും
തുറന്നു കാട്ടാന്‍ മടി ?!!
വിന്‍ഡോസിന്റെ
98-ലും2000-ലും തജലും
ലിനെക്സിലും
പക്ഷപാതമില്ലാതെ
പണിയെടുക്കുമെന്നു
പറഞ്ഞിരുന്നതാണ്.
(ഫീമെയില്‍ ഡേറ്റാ ബേസ് 25)
'ന്ഥ' എന്ന കവിത തികച്ചും നവീനവും വൈവിധ്യവുമാര്ന്നൊരു രചനയാണ്.
മറെള+വെശള+േരമുഹെീരസ+എീി േലെഹലരശേീി
എന്നിങ്ങനെ
പേജ് മേക്കറില്‍
കൊട്ടെഴുത്തുകള്ക്ക്
ഒരുമ്പെട്ടപ്പോള്‍
ങ്യ ക്കണ്ണില്‍
ഈഡീസ് (?)
കൊതുകും
കോങ്കണ്ണും
തമ്മിലൊരു
ംവ്യ രുദ്ധ്യാത്മക
ഭൗതീകം
('ന്ഥ')
മാറിയ സൈബര്‍ കാലത്തിനനുയോജ്യമായ പുതിയൊരു സൈബര്‍ കാവ്യഭാഷ തന്നെ കവി വികസിപ്പിച്ചെടുക്കുന്നു. പടനായകന് പടക്കളത്തില്‍ വ്യത്യസ്തങ്ങളായ ആയുധങ്ങള്‍ ഉപയോഗിക്കുന്ന സൂക്ഷ്മതയോടെയും ജാഗ്രതയോടെയും തോമസ്കുട്ടി ജീവിതത്തിന്റെ എല്ലാ വ്യവഹാര മേഖലകളിലെ പദങ്ങളെയും അക്കങ്ങളെയും ചിഹ്നങ്ങളെയുമെല്ലാം കവിതയില്‍ അണി നിരത്തുന്നു. 'ഉടല്' എന്ന കവിതയുടെ രചനാ രീതി തന്നെ പടക്കളത്തില്‍ സൈന്യത്തെ വിന്യസിച്ചു നിര്‍ത്തിയിരിക്കുന്നതു പോലെയാണ്. മാട്രിക്സ് എന്ന ഗണിത ശാസ്ത്രത്തിന്റെ ഘടനയിലാണ് 'ഉടല്' എന്ന കവിതയുടെ ആഖ്യാനം തന്നെ. ആധുനികോത്തര സമൂഹത്തിന്റെ മാറിയ ജീവിത പരിസരവും അവ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമാണ് 'ഉടല്' കവിത. മലിനവും രോഗാതുരവുമായ ആധുനികോത്തര ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ കാഴ്ചയ്ക്കും അഭിരുചിയ്ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ ഉടലിനെ മാത്രമല്ല സമൂഹത്തെ തന്നെ രോഗഗ്രസ്തമാക്കുന്നു.
കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും വ്യാപനത്തോടെ എഴുത്തും കാഴ്ചയുമെല്ലാം പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ ഭ്രമാത്മക ലോകത്താണ് സംഭവിക്കുന്നത്. ആധുനികോത്തര സമൂഹം കാഴ്ചയുടെ സമൂഹവും കൂടിയാണ്. കാഴ്ചകള്‍ക്ക് മേല്‍ക്കോയ്മ ലഭിക്കുന്ന ഈ സമൂഹത്തില്‍ ഇലക്ടോണിക് മാധ്യമങ്ങളിലെ പ്രതീതി യാഥാര്‍ത്ഥ്യത്തെ ഇന്നു നമുക്ക് നിഷേധിക്കാനാവില്ല. സൈബര്‍ ഇടങ്ങളെ പുതുലോക കവികള്‍ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് അവ സൃഷ്ടിക്കുന്ന പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ സങ്കീര്‍ണതകളെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ മേഖലകളിലെ അനുഭവങ്ങളും പ്രശ്നങ്ങളുമെല്ലാം പുതുകവിതയില്‍ കടന്നു വരുമ്പോള്‍ അതിനനുയോജ്യമായൊരു കാവ്യഭാഷ സൃഷ്ടിച്ചെടുക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുന്ന കവിയാണ് തോമസുകുട്ടി.
എസ്. ജോസഫ്, എം.ആര്. രേണുകുമാര്‍, വീരാന്‍കുട്ടി, എം.ബി.മനോജ് തുടങ്ങിയവരെ പോലെ ഈ കവിയും ഭാഷാഭേദങ്ങളെ കാവ്യഘടനയ്ക്കുള്ളിലേക്ക് കടത്തിക്കൊണ്ടുവരുന്നതിന് നിരന്തരം അദ്ധ്വാനിക്കുന്നു.
ജ്ജ്ക്കും കിട്ടണം ഫണം
സൈറ്റിങ്കല് ബയിയുണ്ടോ
(കേരള.കോം ആളി)
..............................................
.............................................
ഞ്ഞി
ത്തിരി
പ്ലേയ്ന്‍ പോയട്രി
എയുതിക്കാളി (കവിജാപക വൃന്ദം)
................................
................................
എന്തരണ്ണായീ
കൊച്ചു വെളുപ്പിന്ന്
എന്നങ്ങ് കേട്ട്
ചെന്നപ്പം ദാ-
(അയ്യപ്പ ദര്‍ശനം)
നേര്ച്ചൊല്ലിന്റെയും തെളിമയുടെയും സ്പഷ്ടതയുടെയും ഒരു എഴുത്തു രീതിയാണ് പുതുലോക കവിത. സാമ്പ്രദായിക ഭാഷയെ പൂര്‍ണ്ണമായും തിരസ്കരിക്കുന്ന പുതുകവികള്‍ വളരെ ലളിതവും വ്യക്തതയും നിറഞ്ഞ ഭാഷാ പദങ്ങളെകൊണ്ട് കാവ്യരചന നിര്‍വ്വഹിക്കുന്നു. ആഖ്യാന തലത്തിലെ പുതുകവിതയുടെ ഈ സവിശേഷതയെ സാക്ഷ്യപ്പെടുത്തുന്ന കവിതയാണ് തോമസ്കുട്ടിയുടെ 'അധികാര വേദം'.
എല്ലാം
സ്പഷ്ടമായും
കൃത്യമായും
പറയുന്നതാണ്
എന്തുകൊണ്ടും
നല്ലത്.
നല്ലത് ചെയ്യുമ്പോഴാണല്ലോ
എല്ലാവരും
നന്നാവുന്നത്
(അധികാര വേദം)
കാലത്തിന്റെയും ജീവിതത്തിന്റെയും കവിതയുടെയും പ്രതിസന്ധികളോട് നേര്‍ക്കു നേര് നിന്ന് അഭിസംബോധന ചെയ്യാന്‍ തക്ക രീതിയില്‍ കരുത്തുറ്റ ഒരു ആവിഷ്കാര രൂപമാക്കി പുതുലോക കവിതയെ മാറ്റിയെടുത്ത കവിയാണ് തോമസുകുട്ടി. കവിതയില്‍ യാതൊരു വിട്ടു വീഴ്ചയും നടത്താത്ത ഈ പരീക്ഷണ കവിതകള്‍ നമുക്ക് എളുപ്പത്തില്‍ വഴങ്ങി തരുന്നവയല്ല. ഇരുതല മൂര്‍ച്ചയുള്ള ഈ കവിതകള്‍ നമ്മുടെ ജീവിതത്തിന്റെ സൂക്ഷ്മ ജാഗ്രതയുടെ പ്രതിനിധാനമാണ്. പുതുലോക കവിതയുടെ പുതുഭാഷയും പുതുവഴിയും സൗന്ദര്യവുമാണ് തോമസുകുട്ടിയുടെ കവിതകള്‍.
ജീവിത പ്രതിസന്ധികളില്‍ സാര്‍ത്ഥകമായൊരു ഇടപെടലിനുള്ള ഉപകരണം തന്നെയാണ് തോമസുകുട്ടിക്ക് കവിത. ഭാഷാ ചിഹ്നങ്ങളുടെ തെരഞ്ഞെടുപ്പിലും ആഖ്യാനത്തിലും അതീവ ജാഗ്രത പുലര്‍ത്തുന്ന ഈ കവിതകളുടെ ഉപരിതലത്തില്‍ മുദ്രാവാക്യങ്ങളോ പോര്‍വിളികളോ മുഴങ്ങുന്നില്ല. എങ്കിലും ഈ കവിതകളുടെ സൂക്ഷ്മയിടങ്ങളില്‍ കവിതയുടെയും ഭാഷയുടെയും സൂക്ഷ്മ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നതു കാണാം. 'ഇല്ലാത്തവനോട് പക്ഷം ചേരുകയും അപഹര്‍ത്താവിനെ പശ്ചാത്തപിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന' (മാതൃകാന്വേഷി പേജ് 6, ലക്കം-ആഗസ്റ്റ് 2011.) സര്‍ഗ്ഗാത്മക രാഷ്ട്രീയത്തിന്റെ സൗന്ദര്യാത്മകതയും സ്ഫോടക ശേഷിയും തോമാസുകുട്ടിയുടെ കവിതകളില്‍ ഒളിഞ്ഞിരിക്കുന്നു. ഭാഷയില്‍ നിന്നും കവിതയില്‍ നിന്നും അധീശത്വാധികാര ചിഹ്നങ്ങളെയും പ്രത്യയ ശാസ്ത്രത്തെയും ആധുനിക കവിതയുടെ ആഖ്യാന മാതൃകകളെയുമെല്ലാം വേരോടെ പിഴുതെറിയുന്നതിനായി ഭാഷയെയും കവിതയെയും ഈ കവി പടക്കളമാക്കി മാറ്റുന്നു. ഓരോ ആഖ്യാന രൂപവും ഈ കവിയ്ക്ക് ഓരോ സമരായുധം തന്നെ. ഭാഷയിലും ഭാവുകത്വത്തിലും സംസ്കാരത്തിലും അധീശത്വം സ്ഥാപിച്ചെടുക്കുന്ന എല്ലാ അധികാര രൂപങ്ങളോടുമുള്ള പ്രതിരോധം തന്നെയാണ് തോമസ്കുട്ടിയുടെ കവിതകള്‍.