വെള്ളാരങ്കല്ലിന് കയറ്റങ്ങളില്‍
നീലപ്പൊന്മാന്റെ നിറത്തില്‍
മെലിഞ്ഞുകിടക്കുന്നു
ജലം.
ഓലക്കണ്ണട കളിക്കുന്നു.
കപ്പളത്തിന്റെ തണ്ടില്‍
വെള്ളം നിറച്ച്
തുള്ളി തുള്ളിയായി
സ്ലേറ്റിലെ വഴികളില്‍
പെയ്യിക്കുന്നു മഴ.
ആലിപ്പഴങ്ങള്‍ക്കു പകരം
കിളികളുടെ പേരുകള്‍ ചേര്‍ത്തൊരു
പാട്ടു പാടുന്നു.
ഇലകള്‍ വറ്റിയ മരങ്ങള്‍,
ചോട്ടില് നിന്നു.
അതിനടുത്തുള്ള കിണര്‍
ഇടിഞ്ഞു കിടക്കുന്നു.
അണ്ണാറക്കണ്ണന്മാരെ
കപ്പളത്തണ്ടാലൂതി വിളിച്ചപ്പോള്‍
തെളിഞ്ഞുവന്ന
മഴവില്ല്
മാനത്തു പതിപ്പിച്ചു.
ജലം വറ്റിയ
കൈവെള്ളയില്‍
ആകാശം
കരിയില പോല്‍ കിടന്നു.
കല്പ്പോളകളില്
വിരല്‍ കുത്തി
ഒഴുക്കിയൊഴുക്കി
കരിക്കട്ടകൊണ്ടു വരച്ച
പുഴയിലേക്കു തുറക്കുന്നു
പഴയ കൈത്തോടിനെ.
മാരിക്കണ്ടത്തിലെ
ചവിട്ടുവഴിയിലൂടെ
വെള്ളംകലവുമായി
ആളുകള്‍ വരുന്നത്,
വെട്ടിയെടുക്കുന്നു.