കവിതാപുസ്തകം
കവിതകളുണ്ടാവും
കുറേ കവിതകളുണ്ടാവും
ഉണ്ടാവണതല്ല
ഞാന്‍ എഴുതണതാണ്
മീന്‍
മീനെ പിടിച്ചു ഞാന്‍ കുടത്തിലിട്ടു
മീന്‍ കരഞ്ഞു
ഞാന്‍ നോക്കി
ഇനി ഞാന്‍ എന്താ ചെയ്യണ്ട്?
പമ്പരം കുട്ടി
ഒരാടുണ്ടായിരുന്നു
ഒരു പമ്പരമുണ്ടായിരുന്നു
ആടോടുമ്പോള് പമ്പരം തിരിഞ്ഞുകളിക്കും
അന്നേരം ആട് പമ്പരത്തില്‍ ചവിട്ടും
പമ്പരം കരയും
കൂട്ടുകാരി
ആരിഫയുടെ കൂട്ടുകാരി
കാറ്റിന്റെ കൂട്ടുകാരി
കവിതയുടെ കൂട്ടുകാരി
പൂവിന്റെ കൂട്ടുകാരി
പുഴയുടെ കൂട്ടുകാരി
മഴയുടെ കൂട്ടുകാരി
പാട്ടിന്റെ കൂട്ടുകാരി
ചെടികളുടെ കൂട്ടുകാരി
എല്ലാവരുടേയും കൂട്ടുകാരി
ഉണ്ണി
ഓമനിച്ചു വളര്ത്തുമുണ്ണി
ഊഞ്ഞാലാടി രസിക്കുമുണ്ണി
മണ്ണപ്പം ഉണ്ടാക്കിക്കളിക്കുമുണ്ണി
എന്റെകൂടെ ഓടുമുണ്ണി
എന്നെ നോക്കി ചിരിക്കുമുണ്ണി
നല്ല രസമാണെന്റെയുണ്ണി
ആകാശം
ആകാശത്തുണ്ടൊരു മുറ്റം
മുറ്റത്തുണ്ടൊരു രാജാവ്
രാജാവിനെ പിടിക്കാന്‍ മേഘം
മഴയെക്കുറിച്ച്
മഴ വേണം
കുളിരുവേണം
കാറ്റുവേണം
ഇടി വേണ്ട
മഴയുണ്ടാകും
പുഴയുണ്ടാകും
കുളിരുണ്ടാകും
കുളമുണ്ടാകും
കുട
നല്ല കുട
പുത്തന്‍കുട
എന്നെ നോക്കി ചിരിക്കും കുട
എന്റെ വില്ലൊടിഞ്ഞ കുട
പുഴയോരത്ത്
വീടും
കിളിയും
തെങ്ങും
കുട്ടികളും
മലയും
ചെടികളും
സുഗന്ധമുള്ള സ്ഥലം
അയ്യയ്യാ
ലഡു മതി
രണ്ടുറുമ്പുകള്‍
വിശന്നുവലഞ്ഞ്
നടക്കുകയായിരുന്നു
അന്നേരം
ഒരുറുമ്പിന്
ഒരരിമണി കിട്ടി
അത് മറ്റേ ഉറുമ്പിനോടു ചോദിച്ചു
നിനക്ക് അരിമണി വേണോ
വേണ്ട
എനിക്കു ലഡു മതി
മഴയുടെ സംഗീതം
ആകാശം നിറഞ്ഞൊരു നേരം
മഴ വീണ്ടും പെയ്തു തുടിക്കുന്നേരം
മഴയുടെ കുളിരുകണ്ടാരോ
പണ്ടൊരു കവിതയെഴുതി
ഇന്നാരും കവിത എഴുതിയില്ല
ഇന്നും മഴക്കുളിരുണ്ട്
പാവകള്‍
ഇന്ന്
അച്ഛനൊരു പാവയായിമാറാന് തുടങ്ങി
അമ്മയും അതുപോലെത്തന്നെ
ഉണ്ണി ഒരു കൊച്ചുപാവ
ഞാന്‍ കുറച്ചുകൂടി വലിയ പാവ
ലോകത്ത് എല്ലാവരും പാവകള്‍
ചിരിക്കാനറിയാത്ത
കരയാനറിയാത്ത
വര്‍ത്തമാനം പറയാനറിയാത്ത പാവകള്‍
അവര്‍ക്ക് അനങ്ങാതിരിക്കാം
അത്രമാത്രം
എല്ലാം വെറുമൊരു തോന്നല്‍
ആകാശത്തൊരു കുഞ്ഞിക്കിളി കരയുമ്പോള്‍
അകലെയാരോ കരയുംപോലെ
മഴത്തുള്ളികള്‍ വീഴുമ്പോള്‍
ആരുടേയോ കണ്ണീര് പോലെ
ഒരു പൂ വിടരുമ്പോള്‍
പിന്നിലാരോ ചിരിക്കുംപോലെ
ഒരു പൂ കൊഴിയുമ്പോള്‍
പിന്നിലാരോ തട്ടിവിളിക്കുംപോലെ
ഒരു പുഴയൊഴുകുമ്പോള്‍
വെള്ളമാരോ ഉന്തിക്കൊണ്ടുവരുംപോലെ
ആകാശത്തു മേഘങ്ങള്‍ കാണുമ്പോള്‍
ആരൊക്കെയോ പറന്നു നീങ്ങുംപോലെ
ഇങ്ങനെയോരോ കാര്യങ്ങള്‍
എല്ലാം വെറുമൊരു തോന്നല്‍
നിശാശലഭത്തിന്റെ ഓര്‍മ്മ
ഞാനുമ്മറത്തിരിക്കുന്നു
അച്ഛന് കൊതുകിനെ കൊല്ലുന്നു
ഞാന്‍ പുറത്തേക്കു നോക്കിയിരിക്കെ
ഒരു നിശാശലഭം
അവള് പറന്നിറങ്ങിയത്
ഒരു റോസാച്ചെടിയിലായിരുന്നു
നീയെത്ര സുന്ദരിയെന്നോര്ത്തിരിക്കെ
അവളെങ്ങോട്ടോ പറന്നകന്നു
അവള്‍ക്കു പിന്നിലാരൊക്കെയോ
പതുങ്ങിനീങ്ങുന്നതായിത്തോന്നി
അവള്ക്കായിനിയാര് കണ്ണീരൊഴുക്കും?
നനവറ്റ കണ്ണുമായ് ഞാനിരിപ്പൂ