എന്റെ എത്ര മഴകളെ ഞാന്‍
നിന്റെ മരുഭൂമിയിലേക്ക്
കയറ്റി അയച്ചിരിക്കുന്നു..
നിന്റെ വഴിയില്‍
കുലച്ച് നിന്നിരുന്ന
ഈന്തപനകളെ
അപ്പാടെ പിഴുതെടുത്ത്
ചെന്തെങ്ങുകള്‍ നട്ടു
വീടിനടുത്തുള്ള
മണപ്പാട്ടെ കുളത്തെ
അങ്ങനെ തന്നെ പൊക്കി
നിന്റെ ഫ്ലാറ്റിന് തൊട്ടു താഴെ
കൊണ്ട് വെച്ചു
കുറുന്തോട്ടിയും , കീഴാര്‍നെല്ലിയും
തുമ്പയും മുക്കുറ്റിയുമൊക്കെ
നിറഞ്ഞ് നില്ക്കുന്ന തൊടി
എടുത്ത്
നിന്റെ കോമ്പൌണ്ട് നിറച്ചു..
തീര്‍ന്നില്ല..
കാഞ്ഞിരമുക്ക് സ്കൂളിനെ
ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും ഒപ്പം
കിഴക്കെ കായലിനെ
ആളം പാലത്തോടൊപ്പം
തോട്ടോത്തെ പാടത്തെ
പാല് കതിരുകള്‍ക്കും
വയൽ തുമ്പികൾക്കും ഒപ്പം ......
ഒടുക്കം എന്നെ തന്നെ
അമ്മക്ക് ഒപ്പം
ഹോ എത്ര പെട്ടന്നാണ്
നിന്റെ മരുഭൂമിയെ
ഞാൻ ,
എന്റെ കാഞ്ഞിരമുക്ക് ആക്കിയത് ?
നോക്ക് ...
നിന്റെ കണ്ണെത്തുമിടമെല്ലാം
ഞാൻ എന്നെ
നട്ടുപിടിപ്പിക്കയാണ്
എന്നിട്ടോ ?
എനിക്കേ, മുമ്പേ അറിയാല്ലോ
വെളുക്കില്ലെന്നറിഞ്ഞിട്ടും
കുളിച്ച് കൊണ്ടേയിരിക്കുന്ന
കാക്കയാണ്
എന്റെ പ്രണയമെന്ന് !!