Muhammed kutty Elambilakkode

പൊരിവെയിലിന്റെ
തീച്ചിറകു വിടര്‍ത്തി 
പടിഞ്ഞാട്ടു ചായുന്ന
ഉച്ച മരുസൂര്യന്‍
നേരെ മുഖത്തേക്കു
കത്തുന്ന നേരത്ത്
വെന്തുവിയര്‍ത്തു
നടന്നുപോകുമ്പോള്‍
കൊടും വെയിലിനോടെതിരിടാന്‍
കൈയിലുണ്ടായിരുന്ന വാരിക
കേരള കവചമായി
തലയ്ക്കു മീതെ പൊക്കിപ്പിടിച്ചു.
കാട്, പുഴ, വയല്‍പച്ചകളിലുരുവാര്‍ന്ന
മുഖചിത്രം കണ്ട്
മരുസൂര്യനൊരു
തീച്ചിരി ചിരിച്ചെങ്കിലും
ഞാനതു കാണാത്ത മട്ടില്‍
തെളിഞ്ഞൊഴുകുന്ന
പുഴ വെള്ളത്തില്‍ 
ആറ്റുവഞ്ചിപ്പടര്‍പ്പുകള്‍ക്കിടയിലെ
കുളിരിടങ്ങളില്‍ മുട്ടിയുരുമ്മി
അര്‍മാദിച്ചുനീന്തുന്ന
മീനുകളെ വിചാരിച്ചു. 
പുഴത്തോറ്റത്തിന്റെ ചിറകിലേറി
പൊക്കുടാവതാരങ്ങളായി വന്ന മുക്കുവര്‍
കണ്ടല്‍വേരുകള്‍കൊണ്ട് നെയ്ത വലവീശി
മരുക്കടലില്‍ മറിയുന്ന
വെയില്‍ തിമിംഗലങ്ങളെ
വേട്ടയാടുന്ന ഭാവിക്കിനാവിന്റെ
കാല്‍പനിക ഭാവുകത്വത്തില്‍
ലയിച്ചപ്പോള്‍
അലച്ച കാല്‍വെപ്പുകളൊരുവേള 
നൃത്തച്ചുവടുകളായി.
ഉച്ചമരു ചക്രവാതത്തിലപ്പോഴൊരു
വനവസന്തത്തിന്റെ
മന്ദ്രമധുരമാം തുയിലുണര്‍ത്തുകേട്ട് 
ഹായ്, ഹായ്, ഹൂയ്... 
എന്നുച്ചത്തിലാര്‍ത്തു.
ഉടുത്തിരുന്ന ഈരെഴ തോര്‍ത്തുമുണ്ടഴിച്ച്
ചെറുപ്പത്തില്‍
കണ്ണാഞ്ചൂട്ടിപ്പരലുകളെ കോരിയെടുത്തിരുന്ന
പാടത്തെ അറ്റംകഴായ എന്ന മട്ട്
ടാറിട്ട റോഡില്‍ 
തൊട്ടകലെനിന്ന് മുന്നില്‍ കണ്ട
വെള്ളക്കെട്ട് ചാടിക്കടക്കുമ്പോള്‍ 
മരീചികച്ചതിയില്‍ വീണ എന്റെയടുത്ത്
ഒരു താടിക്കാരന്‍ സ്വദേശി
*"മജ്‌നൂന്‍...' എന്ന് കാര്‍ സഡണ്‍ബ്രേക്കിട്ടു!
ഞാനതു കേള്‍ക്കാത്ത മട്ടില്‍
കര്‍ക്കടകപ്പാടത്തുനിന്നു വീശുന്ന
ഞാറ്റുവേലമഴക്കാറ്റിന്റെ
തലോടലോര്‍ത്ത്
ആറിത്തണുത്ത് വലിഞ്ഞുനടന്നു.
************************************
*ഭ്രാന്തന്‍ എന്നതിന്റെ അറബി വാക്ക്