പഴമകൊണ്ട് കുമ്പിള് കുത്തിയ
പാളത്തൊപ്പി തലയില്‍ കമിഴ്ത്തി
കാലക്കേടുകളകറ്റുന്ന ആണ്ടിപ്പുലവന്
ഞാറ്റുകണ്ടം കേറി
ഒറ്റമുണ്ട് തറ്റുടുത്ത്
ഓച്ഛാനിച്ചുനിന്ന് പണ്ട്
കൂലിയെണ്ണി വാങ്ങുമ്പോള്‍
തുപ്പല് തൊട്ടു മറിച്ചിട്ടും
മറിയാതെ മറഞ്ഞ്
വിയര്‍പ്പുപ്പില്‍ മുഷിഞ്ഞൊട്ടി
രണ്ടുറുപ്യ നോട്ടുകള്‍.
സൈബര്‍ യുഗത്തെക്കിരീടമായ് ചൂടിയ
പരിഷ്കാരി സായ്പ്
മെട്രോ മാളിലെ എടിഎമ്മില്‍നിന്ന്
അപ്പോള്‍ ചുട്ടെടുത്ത
ഇളം ചൂടുള്ള ഡോളറുകള്‍
തുപ്പല് തൊട്ടേ മറിക്കുമ്പോള്‍
നാക്കിനും നോട്ടിനു-
മിടയ്ക്കുള്ള ദൂരത്തില്‍
എത്ര സ്വാഭാവികം, സാര്‍വ ജനീനമാ-
ണായതിന്നംഗുലീ ചലനങ്ങള്‍!
കൂര്‍ക്കം വലിച്ചുറക്കവുമപ്പടി.
ദേശ ഭാഷാന്തരങ്ങള്‍, കുല, കാല
ഭേദ ബോധങ്ങള്‍ മറ-
ന്നൊരേ മട്ടലസ വസ്ത്രരായുറങ്ങുന്ന
ഇന്തോനേഷ്യനും
എത്യോപ്യനുമൊരേ താളത്തില്‍
ഒറ്റ മുദ്രാവാക്യമെന്ന പോല്‍
കൂര്‍ക്കം വിളിക്കും ലയത്തില്‍
ഭൂഖണ്ഡങ്ങളിഴുകിച്ചേരുന്നത്
കണ്ടിട്ടുണ്ട് പ്രവാസി മിഡിലീസ്റ്റില്‍!
ഒരേ ചോരയെന്നോര്ത്തതില്
വംശ വിദ്വേഷ മുദ്രയും
വിശ്വാസചര്യയില്
ധ്രുവാന്തര ഭിന്നതാ വാദവും
ചികഞ്ഞെടുത്തങ്കക്കലികൊണ്ടു
നില്‍ക്കുവോ,രിത്തരം
തീരെ നിസ്സാര കാര്യങ്ങളില്‍
ഒന്നു ധ്യാനസ്ഥരാവുകില്
അന്നു തീരുമീ വലിയ ലോകത്തിന്റെ
ദാര്‍ശനിക വ്യഥയും വെറികളും.